Saturday, December 16, 2006

കാത്തിരിപ്പ്

നിന്റെ പൂമുഖവാടിയില്‍ ഒരു പുഞ്ചിരിപൂ വിടരുവാന്‍,
എത്രനാളായ് കാത്തിരിപ്പു ഞാന്‍ എന്റെജീവിത വീഥിയില്‍.

എന്നുമെന്നുടെ നിദ്രയില്‍ ഞാന്‍ കണ്ടുകൊച്ചുകിനാക്കളില്‍,
നിന്റെപൂമുഖവാടിയില്‍ ഒരുകുഞ്ഞുമൊട്ടു വിടര്‍ന്നതായ്.

പുലരിവിടരവെ കണ്‍കളില്‍ ഞാന്‍ കണ്ടുനിന്നുടെ രൂപവും,
സന്ധ്യയെന്നുടെ നെഞ്ചിനുള്ളില്‍ കോറിനിന്നുടെ പൂമുഖം.

ഇരവിലൊരു ചെറുകുളിരുമായി മഴയിറ്റുവീഴവെ ഭൂമിയില്‍,
ഉള്ളിനുള്ളില്‍ ഉണര്‍ന്നുപോവുകയാണുനിന്നുടെ ഓര്‍മ്മകള്‍.

കേള്‍ക്കവെ ഒരുകൊച്ചുകുഞ്ഞിന്‍ രോദനം എന്‍‌കാതുകള്‍,
ഓര്‍ത്തുപോവുകയാണുഞാന്‍ നാം ഒന്നുചേരുമാനാളുകള്‍.

രാവുമന്നുനിശ്ശബ്ദമായ് കുളിരിറ്റുനില്‍ക്കും ഇലകളില്‍,
പെയ്തൊഴിയും എന്റെജീവന്‍ അന്നുനിന്നുടെജീവനില്‍.

വ്യര്‍ഥചിന്തകളീവിധം വിടരുന്നൊരെന്മനവല്ലിതന്‍,
പൂക്കളൊക്കെ ഇറുക്കുവാന്‍ നീ എത്തുമൊ പൊന്നോമലെ.

വിരഹമേകിയ വേനലില്‍ വെന്തുരുകയാണെന്‍ ജീവിതം,
അതിനുമേലൊരു തണലുപാകാന്‍ നല്‍കുമോ നിന്‍പുഞ്ചിരി.